ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കും; തിരുപ്പതി മാതൃകയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

  1. Home
  2. Kerala

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കും; തിരുപ്പതി മാതൃകയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

v d satheesan


ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. വരുന്ന തീർത്ഥാടന കാലയളവ് പൂർത്തിയാകുന്നതോടെ ശബരിമലയിലെത്തുന്ന ഭക്തർക്കായി തിരുപ്പതി മോഡലിൽ സമഗ്രമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിപാടുകളും പ്രസാദ വിതരണവും ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ യാതൊരു ക്ഷാമവും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിലയ്ക്കലിൽ 6,000 പേർക്ക് തങ്ങാൻ കഴിയുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമ്മിക്കും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ കർശന നിയന്ത്രണമേർപ്പെടുത്തും. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ, കെ.എസ്.ആർ.ടി.സി ഒരുക്കുന്ന 461 ബസുകൾ, ടെംപിൾ കണക്ടിവിറ്റി പദ്ധതി, ചാലക്കയം റോഡിന്റെ 15 കോടി രൂപയുടെ നവീകരണം എന്നിവയും തീർത്ഥാടനകാലത്തിനായി സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.