കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം നീട്ടിവെച്ചു
സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. 24 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഇന്ന് വൈകിട്ട് 3:00 മണിക്ക് പ്രഖ്യാപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അവസാനനിമിഷമാണ് പ്രഖ്യാപനം മാറ്റിയത്. ഒരു എഴുത്തുകാർക്കും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സാഹിത്യ അക്കാദമി എക്‌സിക്കൂട്ടീവ് അംഗം കെപി രാമനുണ്ണി മാധ്യമങ്ങളോട പ്രതികരിച്ചു. മലയാളത്തിൽ പുരസ്‌കാരത്തിനായി ഇത്തവണ എൻ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.അദ്ദേഹത്തിന്റെ മായാ മനുഷ്യർ എന്ന നോവലിനെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് പ്രഖ്യാപനം നീട്ടി വയ്ക്കുന്നത്.വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ ചേർന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് യോഗമാണ് അവാർഡിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടിക കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറിയിരുന്നു. തുടർന്ന് സാംസ്‌കാരിക മന്ത്രാലയം അവാർഡ് പ്രഖ്യാപനം നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വയംഭരണ സ്ഥാപനം ആണെങ്കിലും അവാർഡ് പ്രഖ്യാപനത്തിന് മുമ്പായി പട്ടിക കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്ന പതിവുണ്ട്.
