'തകർക്കപ്പെട്ട മതേതര മനസുകൾക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്, കോൺഗ്രസ് ജാഗ്രത കാട്ടണം'; സമസ്ത
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനെതിരെ സമസ്ത. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത പറഞ്ഞു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണ്.
ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും സമസ്ത മുഖപത്രത്തിൽ പറയുന്നു. രാജ്യത്തെ മത വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാൻ ഉള്ള ജാഗ്രത കോൺഗ്രസ് കാട്ടണം. അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നു.