വാഹനാപകടത്തിൽ മരിച്ച സാരംഗിന് ഗ്രേസ് മാർക്കില്ലാതെ തന്നെ ഫുൾ A+; കുടുംബത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങല്‍ സ്വദേശി സാരംഗ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സാരംഗ്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ അവയവങ്ങൾ ആറു പേർക്ക് ദാനം ചെയ്തിരുന്നു. സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കായിക താരം ആകണമെന്ന് ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയ്യതി വൈകിട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരുന്നു തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു അടുത്ത് വെച്ച് അപകടമുണ്ടായത്. ചികിത്സയിലായിരുന്ന കുട്ടിയുടെ മരണം ഇന്നലെ രാവിലെയാണ് സ്ഥിരീകരിച്ചത്.