ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ട് വർഷമായി കേരളത്തിലുണ്ട്; പിടിയിലായത് ഇന്നലെ

  1. Home
  2. Kerala

ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ട് വർഷമായി കേരളത്തിലുണ്ട്; പിടിയിലായത് ഇന്നലെ

TJ Joseph


തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ടുവര്‍ഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളില്‍ താമസിച്ചു. ഇളയകുട്ടിയുടെ ജനന സര്‍ട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു.

ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാന്‍ സഹായകരമയി. എട്ടുവര്‍ഷം മുന്‍പ് കാസര്‍ഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തില്‍ പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തില്‍ തന്നെ തങ്ങി.

റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോണ്‍ട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്ഡിപിഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ്ഡിപിഐക്കാര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തില്‍ വ്യക്തതയില്ല. കണ്ണൂര്‍ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എന്‍ഐഎ സവാദിനെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് സവാദിനെ എന്‍ഐഎ സവാദിനെ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലര്‍ച്ചെയായിരുന്നു എന്‍ഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സവാദ് തയാറായില്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.