സവർക്കറുടെ 'സ്വരാജ്' ഉൾപ്പെടുത്തി; എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിലെ വിവാദഭാഗങ്ങൾ പിൻവലിച്ചു
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വ്യാപകമായ മാറ്റങ്ങളും തിരുത്തലുകളും വരുത്തി എൻ.സി.ഇ.ആർ.ടി. (NCERT). ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലുകളെത്തുടർന്നാണ് പാഠപുസ്തകം അടിയന്തരമായി അഴിച്ചുപണിതത്. 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' (Exploring Society: India and Beyond) എന്ന പുസ്തകത്തിലെ ചില ഉള്ളടക്കങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന വിവാദ ഉയർന്നതിനെ തുടർന്നാണ് ഈ നടപടി.
ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങൾ, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ, മുൻകാലങ്ങളിലെ രണ്ട് പ്രധാന കോടതി വിധികൾ എന്നിവയാണ് പുതിയ പുസ്തകത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയത്. നിയമസംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ പോസിറ്റീവായ അറിവ് വളർത്തുന്നതിനായി പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (PIL), ട്രൈബ്യൂണലുകൾ, ബദൽ തർക്കപരിഹാര മാർഗ്ഗങ്ങൾ (ADR) എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള ഉള്ളടക്കത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ (Suo Motu) കേസെടുത്തതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ച് പുസ്തകം തിരുത്തിയെഴുതുകയായിരുന്നു. മുൻ പതിപ്പ് തയ്യാറാക്കുന്നതിൽ പങ്കുവഹിച്ച മൂന്ന് വിദഗ്ധരെ പുതിയ സമിതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ചരിത്രപാഠങ്ങളിലെ മറ്റ് പ്രധാന തിരുത്തലുകൾ:
- സവർക്കറുടെ സ്വരാജ്: 1925-ൽ വി. ഡി. സവർക്കർ മുന്നോട്ടുവെച്ച 'സ്വരാജ്' എന്ന ആശയം പുസ്തകത്തിൽ പുതുതായി ഉൾപ്പെടുത്തി.
- വിഭജന ചരിത്രം: 1947-ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ വ്യാപകമായി എതിർത്തിരുന്നുവെന്നും, വിഭജനം അംഗീകരിക്കുക മാത്രമായിരുന്നോ ഏക വഴി എന്നത് ഇപ്പോഴും തർക്കവിഷയമാണെന്നും പുസ്തകത്തിൽ തിരുത്തി. കോൺഗ്രസ് നേതാക്കൾ അശരണരായിരുന്നു എന്ന പഴയ പരാമർശം ഒഴിവാക്കി.
- സുഭാഷ് ചന്ദ്രബോസും ഹിറ്റ്‌ലറും: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രവിവരണത്തിൽ നിന്ന് അഡോൾഫ് ഹിറ്റ്‌ലറെയും നാസി പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. ബോസ് അന്താരാഷ്ട്രതലത്തിൽ ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ പിന്തുണ തേടി എന്ന് മാത്രമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
- സാമ്പത്തിക വിവേചനം: 'സിറ്റിസൺഷിപ്പ്: അവകാശങ്ങളും കടമകളും' എന്ന അധ്യായത്തിൽ ജാതി, മതം, ലിംഗഭേദം എന്നിവയ്ക്കൊപ്പം സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിനുള്ള കാരണമായി പുതുതായി ഉൾപ്പെടുത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ നേരിടുന്ന വിവേചനങ്ങൾ നിയമവിരുദ്ധമാണെന്ന് ഇതിൽ വ്യക്തമാക്കുന്നു.
