ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ഫെയർനെസ് ക്രീം വാങ്ങി ഉപയോഗിച്ചു; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം, ഉപഭോക്തൃ കോടതിയെ സമീപിക്കാൻ കുടുംബം

  1. Home
  2. Kerala

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ഫെയർനെസ് ക്രീം വാങ്ങി ഉപയോഗിച്ചു; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം, ഉപഭോക്തൃ കോടതിയെ സമീപിക്കാൻ കുടുംബം

face cream


സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ഇൻസ്റ്റഗ്രാം വീഡിയോ കണ്ട് ഓൺലൈനായി വാങ്ങിയ ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ചതിനെത്തുടർന്ന് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പരാതി. അരീക്കോട് സ്വദേശിനിയായ പെൺകുട്ടിയാണ് ഒരു വർഷത്തോളം ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗത്തിന് ചികിത്സ തേടിയത്. കാലുകളിൽ നീര്, നടക്കാനും പടികൾ കയറാനുമുള്ള പ്രയാസം, തലകറക്കം, രക്തസമ്മർദ്ദം താഴുക തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് പെൺകുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിശദമായ വൈദ്യപരിശോധനയിലാണ് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗമാണെന്ന് സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ തോതിൽ ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. ഗൗരി എസ് വ്യക്തമാക്കി. ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ ഗുരുതരമായി നശിപ്പിക്കുമെന്നും, കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന 'മെംബ്രാനസ് നെഫ്രോപതി' എന്ന ഗുരുതര രോഗമാണ് പെൺകുട്ടിക്ക് ബാധിച്ചിരിക്കുന്നതെന്നും ഡോക്ടർ വിശദീകരിച്ചു.

തുടർന്ന് അംഗീകൃത ലാബിൽ നടത്തിയ രാസപരിശോധനയിൽ പ്രസ്തുത ക്രീമിൽ 12,500 പി.പി.എം (PPM) അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി; സൗന്ദര്യവർദ്ധക വസ്തുക്കളിൽ അനുവദനീയമായ പരമാവധി പരിധി കേവലം ഒരു പി.പി.എമ്മിൽ താഴെ മാത്രമായിരിക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. പെട്ടെന്ന് നിറം നൽകുമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന ഫെയർനെസ് ക്രീമുകളുടെ പരസ്യങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും, ചർമ്മപ്രശ്നങ്ങളുള്ളവർ ഇത്തരം ഉൽപ്പന്നങ്ങൾക്ക് പിന്നാലെ പോകാതെ ചർമ്മരോഗ വിദഗ്ധനെ കണ്ട് ശാസ്ത്രീയമായ ചികിത്സ തേടണമെന്നും ഡോ. ഗൗരി മുന്നറിയിപ്പ് നൽകി. വിദഗ്ധ ചികിത്സയ്ക്ക് ശേഷം പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടപ്പോൾ ക്രീം നിർമ്മാണ കമ്പനി പ്രതികരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.