പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്; ഇതിനായി പാഠ്യപദ്ധതി പുതുക്കും
പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനെതിരായ നിയമം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പോക്സോ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ നേരത്തെ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇത് പ്രകാരമാണ് പോക്സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം എസ്‌സിഇആര്‍ടി ഹൈക്കോടതിയെ അറിയിച്ചത്.
2024- 25 അധ്യയന വര്‍ഷത്തില്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ്, എട്ട്, ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പോക്സോ നിയമത്തില്‍ അവബോധം നല്‍കുക. തുടര്‍ന്നുള്ള അധ്യയന വര്‍ഷം രണ്ട്, നാല്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിലും പോക്സോ നിയമം ഉള്‍പ്പെടുത്തും. വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയത്. ഇതിനു വേണ്ടി അധ്യാപകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും എസ്‌സിഇആര്‍ടി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
1,12,000 അധ്യാപകര്‍ക്ക് പോക്സോ നിയമത്തില്‍ അവബോധം നല്‍കിയെന്നും, ഏകദിന പരിശീലന പരിപാടിയിലൂടെയാണ് ഇത് പൂര്‍ത്തിയാക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. സമഗ്ര ശിക്ഷാ അഭിയാന്റെ ഭാഗമായി കേരളത്തിലെ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും നിയമാവബോധം നല്‍കിയെന്ന് നിയമ സേവന അതോറിറ്റി അഭിഭാഷക പാര്‍വതി മേനോന്‍ ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ ഉള്‍പ്പെട്ട വിദഗ്ധരെ നിയോഗിച്ചാണ് നിയമാവബോധ പരിശീലന ക്ലാസുകള്‍ നടത്തിയത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജി പരിഗണിക്കുന്നത്.