ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികൾക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ
തൃശ്ശൂർ ചാലക്കുടി പോട്ടയിൽ ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അപകട സമയത്ത് നാൽപ്പത്തഞ്ചോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബാ ഡൈവേഴ്സും സ്ഥലത്തെത്തി കനാലിൽ തിരച്ചിൽ നടത്തി.
