വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് ആരോഗ്യമന്ത്രി

  1. Home
  2. Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് ആരോഗ്യമന്ത്രി

harshina


കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെത്തുടർന്ന് വർഷങ്ങളോളം നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയ്ക്ക് സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.

ജോലി നിയമന ഉത്തരവ് ഇന്ന് തന്നെ ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നതെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഹർഷിനയും സമരസമിതിയും വ്യക്തമാക്കി. മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എം.എൽ.എയും ഉണ്ടായിരുന്നു. നഷ്ടപരിഹാര വിഷയത്തിലും ആശ്വാസകരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ട്. മുൻപ് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ചികിത്സാ ചെലവ് കണക്കിലെടുത്ത് ഹർഷിന അത് സ്വീകരിച്ചിരുന്നില്ല.

2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോഴ്സെപ്സ്) കുടുങ്ങിയത്. കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചാം വർഷം, അതായത് 2022 സെപ്റ്റംബർ 17-ന് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. കേസിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.