തിരുവനന്തപുരത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
തിരുവനന്തപുരം അമ്പലത്തറ പരവൻകുന്നിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.സ്‌കൂട്ടർ യാത്രികനായ പാച്ചല്ലൂർ പനത്തുറ കുന്നുപുറത്തുവീട്ടിൽ സെയ്ഫുദീൻ(54) ആണ് മരിച്ചത്.ബൈക്കോടിച്ചിരുന്ന യുവാവിനുംഒപ്പമുണ്ടായിരുന്ന സുഹ്യത്തിനും ഗുരുതരമായി പരിക്കേറ്റു.നെല്ലിമൂട് സ്വദേശിയായ അരുൺദേവ്(19) ബാലരാമപുരം രാമപുരം സ്വദേശി സൂര്യജിത്ത്(19) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെ 2.30-ഓടെ മണക്കാട് തിരുവല്ലം റോഡിൽ അമ്പലത്തറ പരവൻകുന്ന് ജങ്ഷനിലായിരുന്നു അപകടം.
പാങ്ങോട് മീൻചന്തയിൽ നിന്ന് കച്ചവടത്തിനായി മീനെടുക്കുന്നതിന് പോവുകയായിരുന്ന സെയ്ഫുദീന്റെ സ്‌കൂട്ടറിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈഫുദീനും യുവാക്കളും റോഡിലേക്ക് തെറിച്ചുവീണു. മൂന്നുപേർക്കും തലയിലും ശരീരത്തിലും ഗുരുതര പരിക്കുണ്ട്. സെയ്ഫുദീനെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
