മുതിർന്ന സി.പി.എം നേതാവ് ബേബി ജോൺ അന്തരിച്ചു
മുതിർന്ന സി.പി.എം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാൾ ചികിത്സയിലായിരുന്നു. തൃശ്ശൂർ സി.പി.എം ജില്ലാ സെക്രട്ടറി, സി.ഐ.ടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2011-ൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ച അദ്ദേഹം നിരവധി തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1971-ൽ സി.പി.എം അംഗമായ ബേബി ജോൺ ചാവക്കാട് ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ച ശേഷമാണ് 2006-ൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയാകുന്നത്. ബീഡി, മത്സ്യത്തൊഴിലാളി, ചെത്തുതൊഴിലാളി, ചുമട്ടുതൊഴിലാളി യൂണിയനുകളുടെ സംസ്ഥാന-ജില്ലാ ഭാരവാഹിയായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
1971 മുതൽ തൈക്കാട് ബ്ലാങ്ങാട് പി.വി.എം.എൽ.പി സ്‌കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം 1991-ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചാണ് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനാണ്.
