മുതിർന്ന സി.പി.എം നേതാവ് എസ്.കെ. ആശാരി അന്തരിച്ചു
മുതിർന്ന സി.പി.എം നേതാവും തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവുമായിരുന്ന എസ്.കെ. ആശാരി അന്തരിച്ചു. വിതുര ചെറ്റച്ചൽ സ്വദേശിയായ അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. മികച്ച ചിത്രകാരനും നടനും ഗാനരചയിതാവുമായിരുന്ന അദ്ദേഹം കലയെ രാഷ്ട്രീയ പ്രവർത്തനത്തിന് ആയുധമാക്കി.
1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം, അടിയന്തരാവസ്ഥ കാലത്തും മലയോര മേഖലയിലെ തൊഴിലാളി മുന്നേറ്റങ്ങളിലും നിർണായക പങ്കുവഹിച്ചു. ഇ. കെ. നായനാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് ഒളിയിടങ്ങൾ ഒരുക്കുന്നതിൽ മുന്നിലുണ്ടായിരുന്നു.
കർഷകസംഘം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം, നെടുമങ്ങാട് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റായും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റായും ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
