കേരളത്തിന് തിരിച്ചടി; ശിശുമരണനിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് എട്ടിലേക്ക് ഉയർന്നതായി റിപ്പോർട്ട്
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വൻ തിരിച്ചടിയായി സംസ്ഥാനത്തെ ശിശുമരണനിരക്കിൽ (Infant Mortality Rate) വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഏറ്റവും പുതിയ ദേശീയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒരു വയസ്സ് തികയുന്നതിന് മുൻപ് എട്ട് കുഞ്ഞുങ്ങൾ മരണപ്പെടുന്നു എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നവജാതശിശുക്കളുടെ മരണനിരക്കിലുണ്ടായ ഈ വർദ്ധനവ് അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വികസിത രാജ്യങ്ങളായ അമേരിക്കയുൾപ്പെടെയുള്ളവയോട് കിടപിടിക്കുന്നതായിരുന്നു കഴിഞ്ഞ കുറേക്കാലമായി കേരളം ഉയർത്തിക്കാട്ടിയിരുന്ന ശിശുമരണനിരക്കിലെ നേട്ടങ്ങൾ. പതിറ്റാണ്ടുകളായുള്ള തീവ്രശ്രമങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ശിശുമരണനിരക്ക് രണ്ടക്കത്തിൽ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളിൽ 58 ആയിരുന്ന നിരക്ക്, 2010 മുതൽ ദീർഘനാൾ 12ൽ തന്നെ തുടർന്നു. തുടർന്ന് പോഷകക്കുറവ് പരിഹരിക്കാനുള്ള വിപുലമായ പദ്ധതികൾ, ഹൃദ്രോഗബാധിതരായ കുഞ്ഞുങ്ങൾക്കായുള്ള 'ഹൃദ്യം' പദ്ധതി തുടങ്ങിയവയിലൂടെ 2018ൽ നിരക്ക് അഞ്ചിൽ എത്തിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.
ദേശീയതലത്തിൽ ശരാശരി ശിശുമരണനിരക്ക് 24 ആയിരിക്കെ, കേരളത്തിന് തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിലും ഡൽഹിയിലും ഇത് 11 ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴുമുള്ളതെങ്കിലും, സൂചിക വീണ്ടും ഉയർന്നത് ഗൗരവതരമാണ്. പ്രസവസമയത്തെ മരണങ്ങൾ കേരളത്തിൽ ഏറെക്കുറെ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കുന്നുണ്ടെങ്കിലും ആശുപത്രി വിട്ട ശേഷമുള്ള പരിചരണത്തിൽ വരുന്ന പാളിച്ചകളാണ് മരണങ്ങൾ കൂടാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. വാക്സിനേഷനോടുള്ള വിമുഖതയും വ്യാജപ്രചാരണങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. വീട്ടിലെ പ്രസവം, അശാസ്ത്രീയ പ്രസവ രീതികൾ എന്നിവയും പൂർണ്ണമായി തടയേണ്ടതുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
