സർക്കാരിന് തിരിച്ചടി;മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി
മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷാ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ജില്ലാ തല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനതല പരീക്ഷ നടത്താനും പാടില്ല.
ഞായറാഴ്ചയാണ് ജില്ലാ തല പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് താൽക്കാലിക അനുമതി നൽകിയത്.
ബാലഗോകുലത്തിന്റെ മാസികയായ മയിൽപ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് 'യങ് സ്കോളർ എക്സാം 2026' നടത്താൻ സർക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്.
തുടർന്ന് നവംബർ 14ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷാ അനുമതി റദ്ദാക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഉദ്യോഗസ്ഥതലത്തിലെ പിഴവാണ് അനുമതി നൽകിയതിന് പിന്നിലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
അതേസമയം, നോട്ടീസ് നൽകാതെയും വിശദീകരണം തേടാതെയുമാണ് പരീക്ഷാ അനുമതി പിൻവലിച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ആദ്യം പരീക്ഷയ്ക്ക് അനുമതി നൽകിയതല്ലേയെന്ന് ചോദിച്ച കോടതി, നിശ്ചയിച്ച തീയതിയിൽ ജില്ലാ തല പരീക്ഷ നടത്താമെന്ന് ഉത്തരവിടുകയായിരുന്നു.
