കണ്ണമൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

  1. Home
  2. Kerala

കണ്ണമൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

court order


കണ്ണമൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. നെടുമങ്ങാട് എസ്.സി./എസ്.ടി. പ്രത്യേക കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം.

കേസിൽ പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം. ഈ പിഴത്തുകയിൽ നിന്നും കൊല്ലപ്പെട്ട വിഷ്‌ണുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകാനും , വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിക്കും 3 ലക്ഷം രൂപ വീതം നൽകാനും കോടതി വിധിച്ചു. കൂടാതെ, ഇവർക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2016 ഒക്ടോബറിലാണ് തിരുവനന്തപുരത്തെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണമൂലയിൽ മാതാപിതാക്കളും നാട്ടുകാരും നോക്കിനിൽക്കെയാണ് പന്ത്രണ്ടോളം പേരടങ്ങിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം പേട്ട പോലീസ് അന്വേഷിച്ച കേസ് പിന്നീട് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആദ്യ ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു .