പതിനേഴുകാരൻ ശിവസൂര്യയെ കാണാതായ സംഭവം; വാരണാസിയിലെ പരിശോധനയിൽ സൂചനയില്ല
കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ വാരണാസിയിൽ നടത്തിയ പരിശോധനകൾക്ക് ശേഷം പൊലീസ് അന്വേഷണസംഘം മടങ്ങിയെത്തി. കുട്ടി വാരണാസിയിൽ എത്തിയതിന് തെളിവോ മറ്റ് സൂചനകളോ ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടംഗ സംഘം തിരിച്ചെത്തിയത്.
ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിലുള്ള മനോവിഷമത്തിൽ കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത് . കാണാതായി 25 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചും പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. തലശ്ശേരി എ.എസ്.പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
