അംഗൻവാടിയിലെ ലൈംഗികാതിക്രമ കേസ്: അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

  1. Home
  2. Kerala

അംഗൻവാടിയിലെ ലൈംഗികാതിക്രമ കേസ്: അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

pocso case


കൊച്ചി കോർപറേഷൻ പരിധിയിലെ അംഗൻവാടിയിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി കാശിനാഥ് (20) കുറ്റം സമ്മതിച്ചതായി പൊലീസ് . സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എളമക്കര പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അംഗൻവാടി അധ്യാപികയുടെ മകനായ പ്രതി പതിവായി അംഗൻവാടിയിൽ എത്താറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അംഗൻവാടികളിൽ നിഷ്‌കർഷിച്ചിട്ടുള്ള ആളുകളെ അല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് പ്രതി അവിടെ എത്തിയിരുന്നത്.ലൈംഗികാതിക്രമത്തെ കുറിച്ച് അംഗൻവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നറിയാനായി അമ്മയെ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പോലീസ്. പ്രാഥമിക വിവരശേഖരണത്തിൽ തനിക്ക് അറിവില്ലെന്നാണ് ഇവർ പറഞ്ഞിട്ടുള്ളതെങ്കിലും വിശദമായി ചോദ്യംചെയ്യും. കേസന്വേഷണത്തിന്റെ ഭാഗമായി അങ്കണവാടിയിലെ ഹെൽപ്പറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) കേസെടുത്തിട്ടുണ്ട്.