ലൈംഗികാതിക്രമ കേസ്; എംഎല്‍എ മുകേഷ് രാജിവെക്കണം, എംഎല്‍എ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം

  1. Home
  2. Kerala

ലൈംഗികാതിക്രമ കേസ്; എംഎല്‍എ മുകേഷ് രാജിവെക്കണം, എംഎല്‍എ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം

MUKESH


 

ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. 

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. പൊലീസുകാര്‍ക്കും പരിക്കുണ്ട്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷവസ്ഥ തുടര്‍ന്നു. 

കഴിഞ്ഞ ദിവസങ്ങളിലും കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സമിതിയിലെ തീരുമാനം. രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈം​ഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്‍വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി.