ലൈംഗികാതിക്രമ കേസ്: റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു
ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ എറണാകുളം സെൻട്രൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴി പരിശോധിച്ച ശേഷം ആവശ്യമായാൽ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടർനടപടികൾ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും.
വേടനെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ പ്രതികരിച്ചു. 'കേസുകൾ കോടതിയിൽ ഉള്ളതിനാൽ കൂടുതൽ പറയാൻ കഴിയില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഗവേഷക വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.നിലവിൽ 3 ലൈംഗിക അതിക്രമ പരാതിയിൽ രണ്ട് കേസുകളാണ് വേടനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വേടനെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്
