ലൈംഗികാതിക്രമ പരാതി: ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദ്ദേശം

  1. Home
  2. Kerala

ലൈംഗികാതിക്രമ പരാതി: ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദ്ദേശം

Shiyas Kareem


ലൈംഗികാതിക്രമ പരാതിയിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി തള്ളി. കേസ് നിലവിൽ കോഴിക്കോട് പോലീസിന്റെ പരിധിയിലായതിനാൽ ജാമ്യത്തിനായി കോഴിക്കോട് കോടതിയെ സമീപിക്കാനാണ് കോടതി നിർദ്ദേശിച്ചത്.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും കാണിച്ച് കൊച്ചി സ്വദേശിയായ യുവതിയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. ആദ്യം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നടപടികൾക്കായി കോഴിക്കോട്ടേക്ക് കൈമാറുകയായിരുന്നു. 2024 മുതൽ ഷിയാസ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

കേസ് കോഴിക്കോട് പോലീസിന് കൈമാറിയ സാഹചര്യത്തിൽ എറണാകുളം കോടതിയിൽ സമർപ്പിച്ച അപേക്ഷ സാങ്കേതികമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ ഷിയാസ് കരീം ജാമ്യത്തിനായി കോഴിക്കോട് സെഷൻസ് കോടതിയെ സമീപിക്കേണ്ടി വരും.