'ബലമായി ചുംബിച്ചു': മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ, പരാതി നൽകി

ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറിച്ചിൽ. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ൽ മുതർന്ന ഡോക്ടറിൽനിന്ന് നേരിട്ട അനുഭവമാണ് യുവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി.
ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പരാതി മറച്ചുവച്ചോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായറിയാൻ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തും.
ഡോക്ടറുടെ ഫെയ്‌സ്ബുക് കുറിപ്പ്
'കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019 ഫെബ്രുവരിയിൽ ഞാൻ ഇന്റേൺ ആയിരുന്ന സമയത്ത് മുതിർന്ന ഒരു ഡോക്ടർക്കെതിരെ പരാതി നൽകാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയിൽ എത്തുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാൽ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാൾ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി.
പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അയാൾ മുതിർന്ന ഉദ്യോഗസ്ഥനായതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതൽ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോൾ അയാൾ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടർമാർ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാർഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തിൽ ലൈംഗികവൈകൃത മനോഭാവമുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.