മുകേഷിനെതിരായ ലൈംഗിക പീഡന കേസ്; പരാതികാരിയുടെ രഹസ്യമൊഴിയെടുക്കും, മുകേഷ് കൊച്ചിയിൽ
ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് ഇന്ന് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും.
തന്‍റെ കൈവശമുള്ള തെളിവുകൾ അഭിഭാഷകന് കൈമാറാൻ വേണ്ടിയാണ് ഇന്ന് മുകേഷ് അഭിഭാഷകനെ കാണുന്നത്. നിയമനടപടിയ്ക്കായി സമയം അനുവദിക്കണമെന്നും അത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ മുൻകൂർജാമ്യാപേക്ഷയിൽ മുകേഷ് ആവശ്യപ്പെട്ടത്. രണ്ടാം തിയ്യതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തന്റെ കൈയ്യിലുള്ള വാട്സാപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങി ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനാണ് മുകേഷിന്‍റെ നീക്കം.
ഇതിനിടെ മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ മൊഴി നൽകിയ ആലുവ സ്വദേശിയായ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. 164 ആം വകുപ്പ് പ്രകാരം എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാകും നടപടികൾ. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം ഓൺലൈൻ ആയി യോഗം ചേർന്ന് നടപടികൾ തീരുമാനിച്ചു. ബലാത്സംഗ കേസുകൾ ഡിവൈഎസ് പി മാർ ചുമതലയുള്ള പ്രത്യേക ടീമായാണ് അന്വേഷിക്കുക.