സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ
തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ജോയലിനെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സർവകലാശാലകളിലെ സംഘപരിവാർ നയങ്ങൾക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന മാർച്ചിലുണ്ടായ അക്രമസംഭവങ്ങളിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ഇയാൾ.
ജോയൽ തോമസിനെ ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അതേസമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്.എഫ്.ഐ നേതൃത്വം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാർച്ചും ഉപരോധവും സംഘടിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കന്റോൺമെന്റ് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസിനെ ആക്രമിച്ച കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇതുവരെ 30 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. തുടർ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
