ഷബ്നയുടെ മരണം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; ഭർതൃപിതാവിന് ജാമ്യം
ഓർക്കാട്ടേരി സ്വദേശി ഷബ്ന ഭർതൃവീട്ടിൽ ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് ഹബീബിന്റെയും ഭർതൃസഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാൻഡിലുള്ള ഭർതൃമാതാവ് നബീസ, അമ്മാവൻ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളി. അതേസമയം, ഭർതൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷബ്നയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻറെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേർത്തിരുന്നത്. ഷബ്‌നയെ ഹനീഫ മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേർക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. ഇതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭർതൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസിൽ പ്രതി ചേർത്തത്. ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.