ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച് ; മർദ്ദനം നടത്തിയത് അഞ്ച് വിദ്യാർത്ഥികൾ ചേർന്ന്

  1. Home
  2. Kerala

ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച് ; മർദ്ദനം നടത്തിയത് അഞ്ച് വിദ്യാർത്ഥികൾ ചേർന്ന്

shahabas


താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ പ്രതികള്‍ അക്രമിച്ചത് മാരകമായി. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികൾ ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു.


'അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ കേസെടുക്കും', എസ്പി കെ ഇ ബൈജു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 

സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കില്‍ കയറി പോയി. സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കില്‍ പോയ സമയത്ത് തന്നെ ഛര്‍ദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടില്‍പോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. ചികിത്സ ലഭിക്കുന്നതില്‍ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കെ ഇ ബൈജു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.