ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി
തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ ശശി തരൂർ എംപിയും സംഘവും കുടുങ്ങി. പിഎംജിയിലുള്ള 'പ്രശാന്ത്' ഹോട്ടലിന്റെ ആറാം നിലയിലാണ് സംഭവം. ഹോട്ടലിൽ വൈകീട്ട് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ലിഫ്റ്റിന്റെ വാതിൽ അകത്തിയാണ് തരൂരിനെയും ഒപ്പമുണ്ടായിരുന്നവരെയും പുറത്തെത്തിച്ചത്. പതിനഞ്ച മിനിറ്റോളമാണ് ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്. ലിഫ്റ്റിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് (അധികഭാരം) പെട്ടെന്ന് നിന്നുപോകാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.
തങ്ങൾ സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളൊന്നുമില്ലെന്നും പുറത്തെത്തിയ ശേഷം ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ലിഫ്റ്റ് കേടായ ഉടൻ തന്നെ ആദ്യം ലിഫ്റ്റ് കമ്പനി അധികൃതരെയും തുടർന്ന് ഹോട്ടൽ ജീവനക്കാരെയും വിവരമറിയിച്ചെങ്കിലും അവർക്ക് വാതിൽ തുറക്കാനായില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. കൃത്യസമയത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്‌സ് സംഘത്തിന് എംപി പ്രത്യേക നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
