വീണ്ടും ഷിഗെല്ല; മലപ്പുറത്ത് നാലുവയസ്സുകാരി ഉൾപ്പെടെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു

  1. Home
  2. Kerala

വീണ്ടും ഷിഗെല്ല; മലപ്പുറത്ത് നാലുവയസ്സുകാരി ഉൾപ്പെടെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു

shigella


സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമരമ്പലത്തെ ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും, പാലുണ്ടയിൽ നിന്ന് മന്തി കഴിച്ച മറ്റ് രണ്ടുപേർക്കുമാണ് ഷിഗെല്ല കണ്ടെത്തിയത്.

വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ 23 ഓളം പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മറ്റുള്ളവരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗബാധയ്ക്ക് കാരണമായെന്ന് സംശയിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. കടുത്ത പനി, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, രക്തം കലർന്ന വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. വ്യക്തിശുചിത്വം പാലിക്കുക, കൈകൾ കൃത്യമായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.