കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

  1. Home
  2. Kerala

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

shigella


കൊല്ലം ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. വയനാട് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് അവിടെ രോഗം ബാധിച്ചത്. നിലവിൽ വയനാട്ടിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.

മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും ശരീരത്തിനുള്ളിൽ കടക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ലയ്ക്ക് കാരണം. വയറിളക്കം, കഠിനമായ വയറുവേദന, ഛർദ്ദി, ഉയർന്ന പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധ മൂർച്ഛിച്ചാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ധാരാളമായി കുടിക്കാൻ ശ്രദ്ധിക്കണം. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്.

രോഗം തടയുന്നതിനായി കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നിവ പ്രധാനമാണ്. പഴകിയതും പലതവണ ചൂടാക്കിയതുമായ ഭക്ഷണങ്ങൾ കഴിക്കരുത്. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചുവെക്കാനും, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ കുടിവെള്ള സ്രോതസ്സുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.