സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നു; 520 പേർക്ക് രോഗം സ്ഥിരീകരിച്ചു, 8 മരണം

  1. Home
  2. Kerala

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നു; 520 പേർക്ക് രോഗം സ്ഥിരീകരിച്ചു, 8 മരണം

shigella


സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം അതിരൂക്ഷമാകുന്നു. ആരോഗ്യ ഡയറക്ടറേറ്റിന്റെ ഐ.ഡി.എസ്.പി. കണക്കുകൾ പ്രകാരം തിങ്കളാഴ്ച വരെ 520 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ എട്ടുപേർ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ വർഷം ആകെ 132 പേർക്ക് മാത്രമായിരുന്നു രോഗം ബാധിച്ചിരുന്നതെങ്കിൽ, ഇത്തവണ ആ കണക്കിന്റെ നാലിരട്ടിയോളമായാണ് രോഗികളുടെ എണ്ണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഷിഗെല്ല ബാധിച്ച് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഈ മാസം 12 വരെ മാത്രം 29 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ജൂണിൽ വയനാട്ടിലുണ്ടായ രോഗവ്യാപനമാണ് ഷിഗെല്ലയുടെ കാഠ്വന്യം വർധിപ്പിച്ചത്. ജൂണിൽ മാത്രം 205 പേർക്കാണ് രോഗം ബാധിച്ചത് (കഴിഞ്ഞ വർഷം ജൂണിൽ ഇത് 21 ആയിരുന്നു). റിപ്പോർട്ട് ചെയ്ത എട്ടു മരണങ്ങളിൽ ആറും ജൂൺ മാസത്തിലായിരുന്നു. തുടർന്ന് ജൂലൈയിൽ 128 പേർക്കും, ഓഗസ്റ്റിൽ 50 പേർക്കും, സെപ്റ്റംബറിൽ 32 പേർക്കും രോഗം ബാധിച്ചു. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ 76 പേർക്കായിരുന്നു രോഗബാധയുണ്ടായിരുന്നത്.

രോഗം പകരുന്നത് എങ്ങനെ?

രോഗിയുടെ മലത്തിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ പുറത്തുപോകുന്നത്. കക്കൂസ് അല്ലാത്ത സ്ഥലങ്ങളിൽ മലവിസർജനം നടത്തിയാലോ, കക്കൂസ് ടാങ്ക് തുറന്നുകിടന്നാലോ, കിണറുകൾക്കും ജലാശയങ്ങൾക്കും സമീപം കക്കൂസുകൾ സ്ഥിതിചെയ്താലോ രോഗാണുക്കൾ വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്. വയറിളക്കമുള്ളയാൾ മലവിസർജനത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാതെ ഭക്ഷണം പാചകം ചെയ്യുകയോ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയോ ചെയ്യുമ്പോഴും രോഗം പകരാം. കൂടാതെ, ഈച്ചകൾ വന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലൂടെയും പഴം-പച്ചക്കറികളിലൂടെയും രോഗാണുക്കൾ ശരീരത്തിലെത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • എപ്പോഴും കക്കൂസ് മാത്രം മലവിസർജനത്തിനായി ഉപയോഗിക്കുക.
  • ശൗചാലയം ഉപയോഗിച്ച ശേഷവും, ഭക്ഷണം കഴിക്കുന്നതിനും വിളമ്പുന്നതിനും മുൻപും, കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തിളപ്പിക്കണം. തിളച്ച വെള്ളത്തിൽ പച്ചവെള്ളം ഒഴിച്ച് ചൂടാറ്റരുത്. ഗുണമേന്മയുള്ള വാട്ടർ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതും സുരക്ഷിതമാണ്.
  • പാകം ചെയ്ത ഭക്ഷണങ്ങളിൽ ഈച്ചകൾ ഇരിക്കാൻ അനുവദിക്കരുത്.
  • സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.