'ഉയിർ' സിനിമയ്ക്ക് ആധാരമായ ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

  1. Home
  2. Kerala

'ഉയിർ' സിനിമയ്ക്ക് ആധാരമായ ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

image


ഇരിട്ടിയിലെ ശോഭാ വധക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കർണാടക തിമ്മ രാജനഹള്ളി സ്വദേശിയാണ് മഞ്ജുനാഥ്.ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21-നാണ് കർണാടക സ്വദേശിയായ ശോഭ എന്ന യുവതിയെ കണ്ണൂർ ഇരിട്ടിയിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. 2017 മേയ് ആറിന് കുറ്റപത്രം നൽകി. ശോഭയെ കഴുത്തു ഞരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകത്തിന് ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള അഞ്ചും അതിൽ താഴെയും പ്രായമുള്ള രണ്ട് പിഞ്ചുകുട്ടികളുമായി പ്രതി മഞ്ജുനാഥ് മൈസൂരിലേക്കും ബംഗളൂരുവിലേക്കും ഒളിച്ചുകടന്നു. തുടർന്ന് മുംബൈയിലേക്കുള്ള ഒരു തീവണ്ടിയിൽ ഈ കുട്ടികളെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.

2015-ൽ ശോഭയുടെ ആദ്യ ഭർത്താവായ രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കൊലപ്പെടുത്തി കാട്ടിലിട്ട് കത്തിച്ചതായി പറയപ്പെടുന്നു. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ശോഭയെ കൊലപ്പെടുത്താൻ മഞ്ജുനാഥിന് പ്രേരണയായതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അന്നത്തെ പ്രൊബേഷൻ എസ്‌ഐ ആയിരുന്ന അൻഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിൽ എത്തി കുട്ടികളെ സുരക്ഷിതമായി കണ്ടെത്തിയിരുന്നു. നിലവിൽ തൃശൂർ ഈസ്റ്റ് സിഐ ആയ അൻഷാദിന്റെ സംരക്ഷണയിലാണ് ഈ കുട്ടികൾ. ശോഭയുടെ കൊലപാതകവും കുട്ടികളുടെ തിരോധാനവും പ്രമേയമാക്കിയാണ് 'ഉയിർ' എന്ന ചലച്ചിത്രം ഒരുക്കിയിരുന്നത്.ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ അൻഷാദ് എന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ റോഷൻ മാത്യു ആയിരുന്നു.