ഒരു രൂപ നോട്ടുമായി വരുന്നവർക്ക് ഷൂവും വാച്ചും ഓഫർ; കോഴിക്കോട് മാനഞ്ചിറയിൽ കട ഉദ്ഘാടനത്തിൽ ഉന്തും തള്ളും
കോഴിക്കോട് മാനഞ്ചിറയിൽ ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഒരു രൂപ നോട്ട് ചലഞ്ചിൽ വൻ ഉന്തും തള്ളും. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 200 പേർക്ക് ഷൂവും വാച്ചും നൽകുമെന്ന പ്രഖ്യാപനത്തെ തുടർന്ന് നൂറുകണക്കിന് ആളുകൾ കട ഉദ്ഘാടനത്തിന് എത്തുകയായിരുന്നു. തിരക്ക് നിയന്ത്രണം വിട്ടതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു രൂപ നോട്ടുമായി ആദ്യം വരുന്ന 100 പേർക്ക് ഷൂവും പിന്നീട് വരുന്ന 100 പേർക്ക് വാച്ചുമാണ് ട്രെന്റ് ഫാക്ടറി കട ഉടമകൾ പ്രഖ്യാപിച്ചിരുന്നത്. ഈ ഓഫറിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ തിരക്കാണ് മാനഞ്ചിറയിൽ രൂപപ്പെട്ടത്.വയനാട്, മലപ്പുറം, കാസർകോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ ഞായറാഴ്ച പുലർച്ചെ അഞ്ചിന് മുൻപേ തന്നെ കടയ്ക്ക് മുന്നിലെത്തി. ഇതോടെ മാനഞ്ചിറയിലെ വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ഗതാഗതവും സ്തംഭിച്ചു.കട തുറന്നതോടെ ആളുകൾ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത് വൻ ഉന്തിനും തള്ളിയാക്കി ഇടയാക്കി. സ്ഥിതിഗതികൾ നിയന്ത്രണം വിട്ടതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കേസുമായി ബന്ധപ്പെട്ട് കട ഉടമകൾ ഉൾപ്പെടെ ആറുപേർക്കെതിരെ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
