ഷുക്കൂർ വധക്കേസ് വിധി; ജയരാജനും രാജേഷിനുമെതിരായ കള്ളക്കഥ തകർന്നെന്ന് എം.വി. ഗോവിന്ദൻ

  1. Home
  2. Kerala

ഷുക്കൂർ വധക്കേസ് വിധി; ജയരാജനും രാജേഷിനുമെതിരായ കള്ളക്കഥ തകർന്നെന്ന് എം.വി. ഗോവിന്ദൻ

mv Govindan


അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി. ജയരാജനും ടി.വി. രാജേഷിനുമെതിരായ കള്ളക്കഥ കോടതിയിൽ തകർന്നുവെന്നും സിപിഎം നേതാക്കളെ പ്രതിചേർത്തത് ലീഗും കോൺഗ്രസും ചേർന്നുണ്ടാക്കിയ കെട്ടുകഥയാണെന്നും ഗോവിന്ദൻ ആരോപിച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ പാർട്ടി കേഡർമാരാണെന്നും പാർട്ടി അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ എം.വി. ഗോവിന്ദന്റെ മകൻ ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതെവിട്ടു. പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമായിരുന്നു. 2012 ഫെബ്രുവരി 20നാണ് കണ്ണൂരിലെ പട്ടുവത്തിനടുത്ത് അരിയിൽ വെച്ച് മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന ആരോപണത്തെ തുടർന്നാണ് ഷുക്കൂറിനെ ആക്രമിച്ചതെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. 2019ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്.