ജയിലില്‍ പോകുമ്പോൾ അസുഖം, പുറത്തിറങ്ങുമ്പോൾ വിദേശജോലി'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം
വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശിക്ഷിക്കപ്പെട്ടശേഷം അസുഖം പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിമർശനം ഉന്നയിച്ചത്. തച്ചങ്കരിയുടെ ചികിത്സയുടെ വിശദാംശങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
'ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം' എന്നായിരുന്നു കോടതിയുടെ പരാമർശം. ആശുപത്രിയിൽ കഴിഞ്ഞ കാലയളവിലെ ചികിത്സാ വിവരങ്ങൾ ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാനാണ് നിർദേശം.
2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്. നാലുവർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
തുടർന്ന് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യത്തിലായിരുന്നു കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് വിദേശത്ത് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
