സിദ്ധാർത്ഥ പ്രഭുവിന്റെ കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ: നടനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പോലീസ്
സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ നടനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് കൂടി ചുമത്തി പോലീസ്. പുതിയ വകുപ്പ് ചുമത്തി പുതുക്കിയ എഫ്‌ഐആർ ഇന്ന് വൈകീട്ട് കോടതിയിൽ സമർപ്പിക്കും. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കോട്ടയം എംസി റോഡിൽ നാട്ടകത്തുവെച്ചാണ് അപകടം നടന്നത്.
ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതിൽ പ്രചരിച്ചിരുന്നു. നാട്ടകം ഗവ. കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് തങ്കരാജിനെ ഇടിക്കുകയായിരുന്നു.
സംഭവസമയം സിദ്ധാർഥ് മദ്യലഹരിയിലായിരുന്നു എന്ന് പോലീസിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. മരിച്ച തങ്കരാജ് ലോട്ടറി വിൽപനക്കാരനായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തങ്കരാജ് ഇന്നലെ രാത്രിയാണ് മരിച്ചത്.
