വർഷങ്ങൾക്ക് മുമ്പ് ഷിബിലിക്കെതിരെ ഫർഹാനയുടെ പോക്‌സോ കേസ്; ഫർഹാനയുടെ പേരിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകൾ

  1. Home
  2. Kerala

വർഷങ്ങൾക്ക് മുമ്പ് ഷിബിലിക്കെതിരെ ഫർഹാനയുടെ പോക്‌സോ കേസ്; ഫർഹാനയുടെ പേരിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകൾ

SHIBI


കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന മുമ്പ് പോക്‌സോ കേസ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി പോക്‌സോ കേസ് ഫയൽ ചെയ്തത്. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് വിവരം.

2018ൽ നെന്മാറയിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവും നൽകിയ കേസ്. അന്ന് ഫർഹാനയ്ക്ക് 13 വയസായിരുന്നു. 2021ലാണ് കുടുംബം കേസ് കൊടുക്കുന്നത്. അന്ന് 14ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു.

ഇരുവർക്കുമെതിരെ മുമ്പും പലതവണ പരാതികൾ ഉയർന്നിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫർഹാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫർഹാന പോയതെന്നാണ് വിവരം. അന്ന് ഫർഹാന ഷിബിലിയ്‌ക്കൊപ്പം ചെന്നൈയിലേയ്ക്ക് പോയതാണോ എന്നും സംശയമുണ്ട്. ഈ മാസം 23മുതൽ ഫർഹാനയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയുടെ പേരിലും ഈ മാസം പൊലീസിൽ പരാതി ലഭിച്ചിരുന്നു. മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി അയൽവാസിയാണ് ഈ മാസം 13ന് പൊലീസിൽ പരാതി നൽകിയത്.