ഫെയർനെസ് ക്രീമിന് ഇരയായി ഗായകൻ സലീം കോടത്തൂരും; ഗുരുതര വൃക്കരോഗം ബാധിച്ചതായി വെളിപ്പെടുത്തൽ
ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തി. ക്രീമിന്റെ ഉപയോഗം മൂലം 'മെംമ്പ്രനസ് നെഫ്രോപ്പതി' എന്ന അപൂർവ്വ വൃക്കരോഗത്തിന് താനും ഇരയായെന്നും, നേരത്തെ ഇതേ രോഗാവസ്ഥ ബാധിച്ച പതിനേഴുകാരിക്ക് ഉണ്ടായതിന് സമാനമായ ദുരവസ്ഥയാണ് തനിക്കും നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന അതേ ക്രീം തന്നെയാണ് ഇപ്പോൾ പല പേരുകളിലായി വിപണികളിൽ ലഭ്യമാകുന്നതെന്നും, യു.എ.ഇയിൽ അടക്കം ഈ അപകടകരമായ ഫെയ്സ് ക്രീം ആളുകൾ വ്യാപകമായി വിൽക്കുന്നുണ്ടെന്നും സലീം കോടത്തൂർ മുന്നറിയിപ്പ് നൽകി.
കാസർകോടുള്ള ഒരു സുഹൃത്ത് നിർദ്ദേശിച്ചതിനെ തുടർന്നാണ് താൻ ഈ ക്രീം ഉപയോഗിച്ചു തുടങ്ങിയതെന്ന് ഗായകൻ വ്യക്തമാക്കി. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം വർദ്ധിക്കുന്ന രീതിയിലുള്ള പ്രകടമായ ഫലം ലഭിച്ചിരുന്നെങ്കിലും, പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. തുടർന്ന് യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീരും അനുഭവപ്പെട്ടതോടെ മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ കാസർകോടുള്ള തന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ ഡോക്ടറോട് ഫെയ്സ് ക്രീം ഉപയോഗിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് ഇതിൽ മെർക്കുറിയുടെ അളവ് അപകടകരമാംവിധം കൂടുതലാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് തന്റെ ഡോക്ടറോട് ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ് കൃത്യമായ രോഗനിർണ്ണയം സാധ്യമായത്. രോഗം എന്താണെന്ന് തിരിച്ചറിയുന്നതിനായി ശരീരത്തിൽ നടത്താത്ത പരിശോധനകളൊന്നും ബാക്കിയുണ്ടായിരുന്നില്ലെന്നും, മാസങ്ങളോളം നീണ്ട കഠിനമായ ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂർ വ്യക്തമാക്കി.
