ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്
കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്. കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല.
മൊബൈൽ ഫോൺ വാങ്ങിവെച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. ഓഗസ്റ്റ് എട്ടിന് കാശിയിലേക്ക് പോകുകയാണെന്ന് കത്തെഴുതിവെച്ചായിരുന്നു യാത്ര. ഏകദേശം മൂവായിരം രൂപയും കൈവശമുണ്ടായിരുന്നു.
തുടർന്ന് വാരണാസിയിലും രാമേശ്വരത്തും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
ആദ്യഘട്ടത്തിൽ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണസംഘം അഭ്യർഥിച്ചു.
