കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: ഡ്രീംസ് സ്പായുടെ ബിനാമിയായ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡ്രീംസ് സ്പായുടെ ബിനാമിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് ഇയാൾ. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാൽ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി.അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു. കോവളം പൊലീസ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പെൺകുട്ടി ഏറ്റവും ഒടുവിൽ താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു. മറ്റൊരു ആയുർവേദ ഡോക്ടറിൽനിന്ന് ലീസിനെടുത്താണ് അനുരൂപ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് വിവരം. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർസംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് വിവരം. ഈ പരിചയമാണ് പെൺകുട്ടിയെ കോവളത്തെത്തിക്കാൻ കാരണമായതെന്നും പൊലീസ് പറയുന്നു.
പെൺകുട്ടി നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിൽ വിവിധ സ്പാകളിൽ പെൺകുട്ടിയെ എത്തിച്ച് ചൂഷണം ചെയ്തെന്നാണ് കണ്ടെത്തൽ. ലൈംഗികവൃത്തിക്ക് വിസമ്മതിച്ചതിനെ തുടർന്ന് രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ തീകൊളുത്തി പൊള്ളലേൽപ്പിച്ചെന്നും പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി പൊള്ളലേറ്റ പാടുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
