അമ്മയുടെ മുന്നിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയിൽ അമ്മയുടെ മുന്നിൽ വച്ച് ആറു വയസുകാരന് ദാരുണാന്ത്യം. വീടിനു മുന്നിൽ സ്‌കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്‌കൂളിന്റെ ബസ് ഇടിച്ചായിരുന്നു അപകടം.പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാണികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.
വാടാനംകുറുശ്ശി സ്‌കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.