എസ്എംഎ മരുന്ന് വിവാദം:കുട്ടികൾക്ക് 'ക്ലിനിക്കല്‍ ട്രയല്‍' മരുന്ന് നൽകിയത് ഗുരുതര വീഴ്ച; സമഗ്ര അന്വേഷണം വേണമെന്ന് പിണറായി വിജയൻ
എസ്എംഎ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിന്റെ ഗൗരവം സർക്കാരിന് ഇത് വരെ മനസിലായിട്ടില്ലെന്നും ജനറിക് മരുന്നിനെതിരെയാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
എസ്എംഎ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് നൽകിയതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച് ഒക്ടോബർ 12ന് ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രണ്ടാഴ്ചയായിട്ടും മറുപടി നൽകാനുള്ള ജനാധിപത്യ മര്യാദ മന്ത്രി കാണിച്ചില്ലെന്നും പിന്നാലെയാണ് മരുന്ന് കമ്പനിക്കാർ മന്ത്രിയെ കണ്ടതിന്റെ തെളിവുകൾ പുറത്തുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുട്ടികളെ പരീക്ഷണവസ്തുക്കളാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. രക്ഷിതാക്കൾ തനിക്ക് പരാതികളൊന്നും നൽകിയിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മരുന്ന് വാങ്ങലുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒരു കമ്പനിയിൽനിന്ന് മരുന്ന് വാങ്ങിക്കൂട്ടിയെന്ന സംശയത്തിലാണ് അന്വേഷണമെന്നും ഈ കമ്പനിയുമായി മുൻ സർക്കാരിലുണ്ടായിരുന്നവർക്ക് ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു.
