മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് മൊഴി. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി മെൽവിൻ പൊലീസിന് നൽകിയ മൊഴി.
കർണാടക അതിർത്തി പഞ്ചായത്തായ വോർക്കാടിയിൽ ബേക്കറി ജംക്ഷന് സമീപം നല്ലങ്കിപദവിലെ ഹിൽഡ മൊൻതേരോയെ (60) ആണ് മകൻ മെൽവിൻ മൊൻതേരോ വ്യാഴാഴ്‌ച പുലർച്ചെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. മദ്യപിച്ചശേഷം മെൽവിൻ സ്ഥിരമായി ഹിൽഡയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വീടും സ്ഥലവും എഴുതി വാങ്ങി പണയം വയ്ക്കാനും ആ പണമുപയോഗിച്ച് വിവാഹം കഴിക്കാനുമായിരുന്നു നീക്കം. ഹിൽഡയെ പിന്തുണച്ചതിനാണ് അയൽവാസിയും ബന്ധുവുമായ ലോലിതയെ കൊല്ലാൻ ശ്രമിച്ചത്.
ഉറങ്ങിക്കിടന്ന ഹിൽഡയെ കൊന്നശേഷം മൃതദേഹം വീടിനു പിന്നിലെ കാടുമൂടിയ കുഴിയിൽ കൊണ്ടിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് അയൽവാസിയും ബന്ധുവുമായ ലോലിതയെ വീട്ടിലേക്ക് വിളിച്ച് വരുത്തി. ലോലിതയുടെ കഴുത്ത് ഞെരിക്കുകയും തീ കൊളുത്തുകയും ചെയ്തെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. .
മംഗളൂരു കുന്ദാപുരയ്ക്ക് സമീപം ചെങ്കൽ ക്വാറിയിൽ നിന്നാണ് മെൽവിനെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെയും ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടയും അടിസ്ഥാനത്തിൽ 200 കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.