അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി സോനു
മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവിതം.തിരുവല്ല ചെങ്ങന്നൂർ പുലിയൂർ കുറ്റിമല കിഴക്കേതിൽ സോനു തോമസ് (32) ആണ് മരണാനന്തര അവയവദാനത്തിലൂടെ അഞ്ച് പേർക്ക് തുണയാകുന്നത്. സോനുവിന്റെ രണ്ട് കിഡ്നികൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്.
ഒരു കിഡ്നി സോനു ചികിത്സയിൽ കഴിഞ്ഞിരുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നൽകും. ഹൃദയവാൽവ് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് കൈമാറും. നേത്രപടലങ്ങൾ ചൈതന്യ ഐ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രണ്ട് പേർക്കാണ് നൽകുക.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സോനുവിന് അപകടമുണ്ടായത്. പേരിശ്ശേരിയിൽ റോഡിലൂടെ നടന്നുപോകുന്നതിനിടെ നിലതെറ്റി തലയടിച്ച് വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ സോനുവിനെ ആദ്യം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. മരണത്തിലും അഞ്ച് പേർക്ക് പുതുജീവിതം നൽകുകയാണ് സോനുവിന്റെ അവയവദാനം.
