ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിന് ഇനി പ്രത്യേക എച്ച്.ആർ സെൽ

  1. Home
  2. Kerala

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിന് ഇനി പ്രത്യേക എച്ച്.ആർ സെൽ

k muraleedharan


ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സ്ഥാനക്കയറ്റ നടപടികൾ ഇനി പ്രത്യേക എച്ച്.ആർ സെൽ വഴി. ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുകയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യം. ഡോക്ടർമാരുടെ കുറവ് പരിഹരിക്കുകയും ഒഴിവുകൾ കൃത്യമായി നികത്തുകയും ചെയ്യാനും ഇതിലൂടെ സാധിക്കും.

മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ വി.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രത്യേക എച്ച്.ആർ സെൽ ഇതിനകം പ്രവർത്തനം ആരംഭിച്ചു.

സ്ഥാനക്കയറ്റ നടപടികൾ വൈകിയതോടെ ഒഴിവുകൾ കൃത്യമായി നികത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസവും നടപടിക്രമങ്ങളിലെ വീഴ്ചകളും കാരണം നിരവധി ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. ഡോക്ടർമാരുടെ കുറവ് പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം.

ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരമാണ് പ്രത്യേക എച്ച്.ആർ സെൽ രൂപീകരിച്ചത്.