ശ്രീകാര്യം അഭിറാം കൊലപാതകം: ബെൽറ്റും ഫോണും കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി പൊലീസ്
ശ്രീകാര്യം അഭിറാം കൊലപാതകക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനുള്ള ശ്രമം തുടർന്ന് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ മൊബൈൽ ഫോണും കണ്ടെത്താനാണ് പരിശോധന. കേസിലെ പ്രധാന തെളിവുകളായ ഇവ പ്രതികൾ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടാം പ്രതി ഉമറിനെയും മൂന്നാം പ്രതി അനന്തയെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും ബെൽറ്റും ഫോണും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. ഇതോടെ ഒന്നാം പ്രതിയെയും മറ്റൊരു പ്രതിയായ ഐശ്വര്യയെയും ഉൾപ്പെടെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം തെളിവുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികൾ അന്വേഷണവുമായി കാര്യമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
കൊലപാതകം നടന്ന പ്രദേശത്ത് തന്നെയായിരിക്കാം തെളിവുകൾ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴക്കൂട്ടം എ.സി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇപ്പോൾ സ്ഥലത്ത് പരിശോധന നടത്തുന്നത്. പ്രതികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.നിലവിൽ പ്രതികളെ സ്ഥലത്തെത്തിച്ചിട്ടില്ല. തെളിവുകൾ കണ്ടെത്തിയാൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
