'പോരാളി ഷാജിമാർക്ക് നൽകുന്ന പരിഗണന പോലും സാഹിത്യ പ്രമാണിമാർക്ക് സിപിഎം നൽകില്ല, താങ്കൾ കെറുവിക്കേണ്ടത് മലയാളികളോടല്ല'; ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ശ്രീ കുമാർ മനയിൽ

  1. Home
  2. Kerala

'പോരാളി ഷാജിമാർക്ക് നൽകുന്ന പരിഗണന പോലും സാഹിത്യ പ്രമാണിമാർക്ക് സിപിഎം നൽകില്ല, താങ്കൾ കെറുവിക്കേണ്ടത് മലയാളികളോടല്ല'; ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ശ്രീ കുമാർ മനയിൽ

balachandran-chullikkad


മതിയായ പ്രതിഫലം കിട്ടാതെ പോയതിന്റെ  കെറുവ് മലയാളികളുടെ മേൽ തീർക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറയുകയാണ് മാധ്യമ പ്രവർത്തകൻ ശ്രീ കുമാർ മനയിൽ.

'സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും  പ്രതിഭാധനനായ കവിയാണ്  അങ്ങ് എന്ന് മലയാളികൾക്കെല്ലാം അറിയാം.  ആ ബഹുമാനവും ആരാധനയും ഞങ്ങൾ താങ്കൾക്ക് തരുന്നുമുണ്ട്. താങ്കൾ  കെറുവിക്കേണ്ടത് അക്കാദമിയോടും സച്ചിതാനന്ദനോടും സാംസ്‌കാരിക വകുപ്പിനോടും  ഇതിനെയെല്ലാം അടക്കി ഭരിക്കുന്ന സി പി എം എന്ന പാർട്ടിയുടെ ബഹുവിധങ്ങളായ സന്നാഹങ്ങളോടുമാണ്.'

കുറിപ്പ് പൂർണരൂപം

എറണാകുളം നോർത്തിൽ നിന്നും എറണാകുളം -ഗുരുവായൂർ പാസഞ്ചറിൽ കയറി തൃശൂരിൽ ഇറങ്ങി ഓട്ടോ പിടിച്ചു സാഹിത്യ അക്കാദമി ഹാളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് എത്തുമെന്ന് ധരിച്ച അക്കാദമി സെക്രട്ടറിയെ  ഞാൻ നമിക്കുന്നു. ആ വകക്ക്  നോക്കുകയാണെങ്കിൽ എല്ലാചിലവും കഴിഞ്ഞ്  2400 ൽ ഒരു 1800 രൂപാ മഹാകവിയുടെ കയ്യിൽ ഇരിക്കേണ്ടതാണ്. 

സീരിയിൽ - സിനിമാ അഭിനയത്തിലൊക്കെ സജീവമായതിന് ശേഷം ' പഴയ ജീവിതം പാടേ വെറുത്തു ഞാൻ ഇനിയുമെന്നെ തുലക്കാൻ  വരരുത്' എന്ന മൈൻഡ് സെറ്റിലാണ് ചുള്ളിക്കാട്. അത് കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്നത് തന്നെ ടാസ്‌കി വിളിയെടാ എന്ന് പറഞ്ഞു കൊണ്ടാണ്.
എന്നാൽ മഹാകവേ അങ്ങു കുറ്റപ്പെടുത്തും പോലെ കേരള ജനത അങ്ങേക്ക് നൽകിയ വിലയല്ല 2400 രൂപാ മറിച്ച്  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എം സർക്കാർ തങ്ങളുടെ ഏറാൻമൂളികളും ചെല്ലും ചുമട്ടുകാരുമായ   സാംസ്‌കാരിക നായകർക്ക് ഇടുന്ന വിലയാണിത്.  

ആ വില അവർ അങ്ങേക്കുമിട്ടു. അത്രമാത്രം, ഏതെങ്കിലും വേദികൾ, അല്ലങ്കിൽ  സാംസ്‌കാരിക സ്ഥാപനങ്ങൾ , തരക്കേടില്ലാതെ വല്ലതും  തടയുന്ന അവിടുത്ത  കസേരകൾ മേൽപ്പറഞ്ഞ വകുപ്പിൽ പെട്ടവരെ  കൈകാര്യം ചെയ്യാൻ ഇവയുടെയൊക്കെ ചിലവേയുള്ളുവെന്ന്  സി പി എമ്മിനറിയാം.  (സൻമനസുള്ളവർക്ക് സമാധാനത്തിൽ  ശങ്കരാടി പറയുന്നത് പോലെ ഇച്ചിരി എള്ളും പിണ്ണാക്ക്, ഇച്ചിരി തേങ്ങാപിണ്ണാക്ക്  ഇത്രയൊക്കെയേ ഇവയ്ക് ചിലവുള്ളു) ഇനിയും കേരളത്തിൽ ഭരണം കിട്ടാതിരിക്കാൻ  കേരളത്തിലെ സി പി  എമ്മുകാർ പ്രാർത്ഥിക്കണം എന്ന്  സച്ചിതാനന്ദൻ പറഞ്ഞത് ലോകം മുഴുവൻ വായിക്കുകയും കേൾക്കുകയും  ചെയ്തിട്ടും, ഞാനങ്ങിനെ പറഞ്ഞട്ടേയില്ലന്ന് പറയാൻ അദ്ദേഹത്തിന് ഒരു ഉളുപ്പും ഉണ്ടായില്ല. കാരണം അദ്ദേഹം പേറുന്ന സാംസ്‌കാരിക അടിമത്തം അത്രയേറെയുണ്ട്. അവരിലൊരാളായി അവർ അങ്ങയെ ഗണിച്ചു പോയി, എന്ത് ചെയ്യാം...

ലോകമങ്ങെും കമ്യൂണിസ്റ്റുകൾ ഭരണത്തിലിരിക്കുമ്പോൾ ഇവർ എല്ലാം രംഗത്തും ഇത്തരം അടിമകളേയും വിധേയരെയും സൃഷ്ടിക്കും. വി ടി ബൽറാമിനെപ്പോലൊരു കോൺഗ്രസ് നേതാവിനെ തോൽപ്പിക്കാൻ മലയാളത്തിലെ മഹാ സാഹിത്യകാരൻമ്മാരെല്ലാം കഴിഞ്ഞ തിരിഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ അണിനിരന്നത് ഇത്തരണുത്തിൽ  ഓർമിക്കാവുന്നതാണ്. 
 
പോരാളി ഷാജിമാർക്ക് നൽകുന്ന പരിഗണന പോലും തങ്ങളുടെ വാലാട്ടികളായ സാഹിത്യ പ്രമാണിമാർക്ക് സി പി എം  നൽകില്ല.  കാരണം ഷാജിമാരെ കൊണ്ടു നടക്കാനുള്ള ചിലവ് പോലും  വണ്ടാ ഇവരെ കൊണ്ടു നടക്കാൻ എന്ന് പാർട്ടിക്ക് നന്നായി അറിയാം. അത് കൊണ്ട് അങ്ങേക്ക് മതിയായ പ്രതിഫലം കിട്ടാതെ പോയതിന്റെ  കെറുവ് മലയാളികളുടെ മേൽ തീർക്കരുത്. കാരണം  സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും  പ്രതിഭാധനനായ കവിയാണ്  അങ്ങ് എന്ന് മലയാളികൾക്കെല്ലാം അറിയാം.   ആ ബഹുമാനവും ആരാധനയും ഞങ്ങൾ താങ്കൾക്ക് തരുന്നുമുണ്ട്. താങ്കൾ  കെറുവിക്കേണ്ടത് അക്കാദമിയോടും സച്ചിതാനന്ദനോടും സാംസ്‌കാരിക വകുപ്പിനോടും  ഇതിനെയെല്ലാം അടക്കി ഭരിക്കുന്ന സി പി എം എന്ന പാർട്ടിയുടെ ബഹുവിധങ്ങളായ സന്നാഹങ്ങളോടുമാണ്.