എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങൾ വൈകുന്നു; പരീക്ഷാഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന

  1. Home
  2. Kerala

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങൾ വൈകുന്നു; പരീക്ഷാഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന

image


എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസമുണ്ടെന്ന പരാതിയിൽ പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷാഭവനിലെത്തിയ അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ട മന്ത്രി അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

സർട്ടിഫിക്കറ്റ് സേവനങ്ങളിലെ കാലതാമസം ഒഴിവാക്കി അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് മന്ത്രിയുടെ നിർദേശം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ തിരുത്തുന്നതിനായി അപേക്ഷകൾ സ്‌കൂളുകളിലേക്ക് അയച്ച് തിരിച്ചെത്തിക്കുന്ന നടപടിയാണ് കാലതാമസത്തിന് കാരണമാകുന്നതെന്ന് ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ഈ രീതി കാലാനുസൃതമായി മാറ്റാനും മന്ത്രി നിർദേശിച്ചു.സർട്ടിഫിക്കറ്റ് നടപടികൾ വേഗത്തിലാക്കുന്നതിനായി പരീക്ഷാഭവനിൽ അടിയന്തരമായി 60 ലാപ്ടോപ്പുകൾ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

പരീക്ഷാഭവനിലെ റിസപ്ഷൻ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതിയും മന്ത്രി നേരിട്ട് ബോധ്യപ്പെട്ടു. അപേക്ഷകർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കണം. കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് അപേക്ഷകർക്ക് കൂടുതൽ സമയം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പരീക്ഷാഭവൻ സെക്രട്ടറിക്ക് മന്ത്രി കർശന നിർദേശം നൽകി.

നടപടികൾ പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ കർശന മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി.