സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൂന്ന് മണിക്ക് അറിയാം
കേരളത്തിലെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. സംസ്ഥാനത്ത് നിലവിൽ മന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുന്നത്. റെഗുലർ വിഭാഗത്തിൽ 4,17,497 വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക പരീക്ഷയുടെ ഫലവും ഇതോടൊപ്പം ഇന്ന് പുറത്തുവിടും.
പരീക്ഷാ ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. ഉപരിപഠനത്തിന് അർഹത നേടാത്ത വിദ്യാർത്ഥികൾക്കായി ഈ മാസം അവസാനം തന്നെ സേ (SAY) പരീക്ഷ നടത്തും. പ്ലസ് വൺ പ്രവേശന നടപടികൾ ജൂൺ ആദ്യവാരത്തിൽ തന്നെ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 99.5 ശതമാനമായിരുന്നു സംസ്ഥാനത്തെ ആകെ വിജയം.
ഫലം അറിയാനുള്ള വഴികൾ:
- വെബ്സൈറ്റുകൾ: www.results.kite.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, www.prd.kerala.gov.in
- മൊബൈൽ ആപ്പുകൾ: 'Saphalam KITE' (സഫലം കൈറ്റ്), 'നമ്മുടെ കേരളം'.
- വാട്സാപ്പ്: കേരള സ്റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന നമ്പറിലൂടെയും ഫലം അറിയാം.
വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലുള്ള വിശദമായ അവലോകന റിപ്പോർട്ടുകളും പോർട്ടലുകളിൽ ലഭ്യമായിരിക്കും.
