ശിരോവസ്ത്ര വിലക്ക്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്;വിദ്യാർത്ഥിനിയെ തിരിച്ചെടുക്കാൻ നിർദേശം
എറണാകുളത്തെ ശിരോവസ്ത്ര വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. ശിരോവസ്ത്രം ധരിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നത് സ്‌കൂൾ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വിദ്യാർത്ഥിനിയെ തൽക്ഷണം ക്ലാസിലേക്ക് പ്രവേശിപ്പിക്കാനും ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. നാളെ രാവിലെ 11 മണിക്ക് മുമ്പ് പ്രശ്‌നം പരിഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
