കായംകുളത്ത് കുത്തേറ്റ ബാർ ജീവനക്കാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

കായംകുളത്ത് കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കായംകുളം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെ സുരക്ഷാ ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി പ്രകാശന്‍(68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ പ്രകാശനെ ഐക്യ ജങ്ഷന്‍ സ്വദേശി ഷാജഹാൻ കുത്തിയത്.
അക്രമത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ പ്രകാശൻ മരിച്ചത്.
പ്രതി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാൾ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുകയും തുടർന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു. വിമുക്തഭടനാണ് കൊല്ലപ്പെട്ട പ്രകാശന്‍.